Tuesday, May 25, 2021

 കേരളത്തിൽ ഇടതുപക്ഷത്തിനു തുടർഭരണം എന്തുകൊണ്ട് കിട്ടി?

പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള രണ്ടാം മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനോ ബാക്കി 20 മന്ത്രിമാരെ തീരുമാനിക്കുന്നതിനോ ആ മുന്നണിയിൽ ഒരു അപസ്വരവും നമ്മൾ കേട്ടില്ല. മറിച്ചു തോറ്റമ്പിയ കോൺഗ്രസ്സും യു ഡി ഫും പതിവുപോലെ അവരുടെ വിഴിപ്പുകൾ ജനമധ്യത്തിൽ അലക്കുന്നത് നാം എല്ലാം കണ്ടതാണ്. പക്ഷെ അവരെ അങ്ങനെ തീർത്തും കുറ്റം പറയാൻ പറ്റില്ല.
കാരണം രാഷ്രീയത്തിൽ അധികാരം ഇല്ലെങ്കിൽ നാം ആരും അല്ലാതെ ആകും. രമേശ് ചെന്നിത്തലയെ സംബധിച്ചിടത്തോളം ഒരു മുഖ്യമന്ത്രിപദം ആഗ്രഹിച്ചതിൽ തെറ്റില്ല. വിശേഷിച്ചും കേരളത്തിന്റെ രാഷ്രീയ ചരിത്രം എന്ന് പറയുന്നത് അഞ്ചുവർഷം കൂടുമ്പോൾ ഉള്ള ഈ അധികാരമാറ്റം തന്നെയാണ്. അത് തന്നെയാണ് ഈ നാടിൻറെ നേട്ടവും കോട്ടവും. എന്നാൽ മുഖ്യമന്ത്രിപദം പോയിട്ട് പ്രതിപക്ഷ നേതാവ് എന്ന പദവി പോലും നഷ്ടപെടുന്ന അവസ്ഥ ഒരു രാഷ്രീയക്കാരാണ് തീരെ സഹിക്കാവുന്നതല്ല. വിശേഷിച്ചും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രകടനം അത്ര മോശമായിരുന്നു എന്ന് പറയാൻ നമുക്ക് കഴിയില്ല. ശബരിമല വിഷയത്തിൽ മാത്രം കൈ നനയാതെയും ഖദർ ചുളിയാതെയും മീൻ പിടിക്കാൻ കഴിഞ്ഞു എന്നതൊഴിച്ചാൽ കഴിഞ്ഞ പിണറായി സർക്കാരിന്റെ പല പല (ആവർത്തിക്കുന്നു....പല പല) അഴിമതികളും കൊള്ളരുതായ്മയ്‌കളും പുറത്തു കൊണ്ടുവന്നതും അതിനെതിരെ ശബ്ദമുയർത്തിയതും ചെന്നിത്തല തന്നെയാണ്.
പക്ഷെ എന്ത് ചെയ്യാം, 'എല്ലാത്തിനും അതിന്റെ ഒരു സമയം ഉണ്ട്' എന്ന പ്രസിദ്ധ സിനിമ ഡയലോഗ് പോലെയായി എല്ലാം. ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ഏറ്റുപിടിച്ചു പ്രക്ഷോപങ്ങൾ നടത്താനോ അങ്ങനെ ജനമധ്യത്തിൽ അതിന്റെ ഗൗരവം എത്തിക്കാനോ സാധിച്ചില്ല.

അതിനു മുഖ്യ കാരണം നാട്ടിൽ ആശങ്ക പടർത്തിയ കോവിഡ് രോഗവ്യപനം തന്നെയാണ്. ഇത്രയും അഴിമതിയും സ്വജപക്ഷപാതവും സ്വച്ഛാധിപത്യാപരവും ആയ ഒരു ഭരണത്തിനെതിരെ കുറഞ്ഞത് ഒരു ഹർത്താൽ പോലും നടത്താൻ കഴിയാതിരുന്നത് ഒരു കുറവുതന്നെയാണ്. (ഹർത്താലിന് ഞാൻ എതിരാണ് കേട്ടോ. എന്നാലും തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹർത്താലുകൾ നടത്തി ആണല്ലോ ഇവിടെ രാഷ്രീയ പാർട്ടികൾ അവരുടെ ശക്തി തെളിയിക്കുന്നതും അങ്ങനെ അതുകണ്ടു 'പൊതുജനം' അവരെ അധികാരത്തിൽ എത്തിക്കുന്നതും)

എന്നാൽ ഉർവശി ശാപം ഉപകാരം ആയി എന്ന് പറഞ്ഞത് പോലെ കൊറോണ എന്ന മഹാമാരി അഴിമതി ആരോപണങ്ങളിൽ മുങ്ങിത്താണു നിന്ന പിണറായി വിജയൻ സർക്കാരിന്റെ ഒരു കച്ചിത്തുരുമ്പായി. കഴിഞ്ഞ വര്ഷം മാർച്ചിൽ തുടങ്ങിയ ആദ്യത്തെ ലോക്ക്ഡൌൺ കൂടി ആയപ്പോൾ ആർക്കും പുറത്തിറങ്ങാൻ കൂടി കഴിയാതായി. എല്ലാ ദിവസവും ഹർത്താൽ പോലെയായപ്പോൾ അതിനുള്ള സ്കോപ്പും പ്രതിപക്ഷത്തിന് നഷ്ടമായി.

അടുത്തതായി അടച്ചുപൂട്ടലിൽ നട്ടംതിരിഞ്ഞ ജനത്തിനെ സഹായിക്കാൻ മാനുഷികപരിഗണ മുൻനിർത്തി തുടങ്ങിയതാണ് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം. ഒരു പക്ഷെ നമ്മൾ ആരും തന്നെ ജീവിതത്തിൽ കാണുകയോ, കേൾക്കുകയോ, അനുഭവിച്ചിട്ടോ ഇല്ലാത്ത ഒരു ജീവിത സാഹചര്യത്തിൽ നമ്മൾ നമുക്കായി തെരഞ്ഞെടുത്ത ഒരു ഭരണകൂടം ന്യായമായും ചെയ്യേണ്ട ഒരു സേവനത്തിനപ്പുറം ഈ കിറ്റ് വിതരണത്തിനോ അവശവിഭാഗങ്ങൾക്ക് കൊടുക്കുന്ന പെന്ഷനോ ഒരു അനാവശ്യമായ ഒരു പബ്ലിസിറ്റി ഹൈപ്പ് കൊടുക്കേണ്ടതായിട്ടില്ല. യു ഡി എഫ് ഭരണത്തിൽ ആയിരുന്നുവെങ്കിലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും സംഭവിക്കുക. എന്നാൽ ഇവിടെ സംഭവിച്ചതോ ഈ കിറ്റും പെൻഷനും ഇടതു സർക്കാരിന്റെ ഔദാര്യമാണെന്ന തരത്തിലുള്ള ഒരു പ്രതീതീ സൃഷ്ടിക്കുകയും അത് മറ്റാർക്കും ചെയ്യാൻ കഴിയാത്ത എന്തോ ഒരു മഹാസംഭവമാണെന്നും ഉള്ള ഒരു വ്യാപകമായ പ്രചാരണം അഴിച്ചുവിടാൻ കഴിഞ്ഞു എന്നതതാണ് ഈ തിരിച്ചു വരവിനു സഹായിച്ച മുഖ്യ ഘടകം. (മതധ്രുവീകരണം എന്നത് ബീ ജെ പിയെ അകറ്റിനിർത്താൻ ഉപയോഗിച്ച ഒരു ഘടകം മാത്രമായി കണ്ടാൽ മതി.)
പ്രബുദ്ധ കേരളം എന്നൊക്കെ നമ്മൾ ഇടയ്ക്കിടെ പറയുമെങ്കിലും അതെല്ലാം ആലങ്കാരികമായി മാത്രമേ കാണാൻ കഴിയൂ. സാക്ഷരത എന്നതും ഒരു അങ്ങനത്തെ ഒന്നാണ്.. പേരെഴുതി ഉപ്പിടാൻ മാത്രം പഠിച്ചാൽ ആരും സാക്ഷരർ ആകില്ല. അതുകൊണ്ടു തന്നെ നല്ലൊരു വിഭാഗം ജനങ്ങളും രാഷ്രീയക്കാർ കാണിക്കുന്ന അഴിമതിക്കാര്യത്തിലോ അത്‌പോലെയുള്ള മറ്റു വിഷയങ്ങളിലോ ചിന്തിക്കുന്നവരോ അങ്ങനെ ചിന്തിക്കാൻ ഉള്ള വിവേകമോ മനസികവികാസമോ, സാമ്പത്തിക ചുറ്റുപാടോ ഉള്ളവർ അല്ല. എന്ത് പറഞ്ഞും വിശ്വസിപ്പിക്കാൻ എളുപ്പമുള്ള ഇവരാണ് സർക്കാരിന്റെ പിടിവള്ളി. പക്ഷെ ആ പിടിവള്ളി പൊട്ടിക്കാൻ കൊറോണ എന്ന മഹാമാരി തടസ്സമായി എന്നതാണ് യു ഡി എഫ് വീണ്ടും പ്രതിപക്ഷത്തായത്. ചുരുക്കത്തിൽ ഒന്ന് ചീയുമ്പോൾ അത് മറ്റൊന്നിനു വളമാകും എന്ന് പറഞ്ഞത് പോലെ കൊറോണ എന്ന മഹാമാരി ഇടതു സർക്കാരിന്റെ തിരിച്ചു വരവിനു വളമായി. അതാണ് സത്യം. പിന്നെ രമേശ് ചെന്നിത്തല മാറി സതീശൻ പ്രതിപക്ഷ നേതാവായതുകൊണ്ടു യു ഡി എഫിന് മച്ചി പശുവിനെ തൊഴുത്തുമാറ്റി കെട്ടിയാൽ ഉണ്ടാകുന്ന പ്രയോജനമേ ഉണ്ടാകൂ. കോൺഗ്രസ് പാർട്ടി രക്ഷപ്പെടണമെങ്കിൽ നേതൃത്വമാറ്റം വേണ്ടത് കേന്ദ്രത്തിലാണ്, കേരളത്തിൽ അല്ല.
Like
Comment
Share
0

No comments:

Post a Comment